Wednesday, May 8, 2019

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ രണ്ടാം ഭാഗം

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ രണ്ടാം ഭാഗം :-


  വെല്ലുവിളി തുടങ്ങുന്നതിന് മുൻപ് ഒന്ന് പറഞ്ഞോട്ടെ.. 😀
വെല്ലുവിളികളുടെ ഒന്നാം ഭാഗം ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാർക്കും നന്ദി.. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമായി ഒന്നോ രണ്ടോ അമ്മമാർ നേരിടുന്ന ഒരു പ്രശ്നമല്ല ഇതൊന്നും,  ഭൂരിപക്ഷം അമ്മമാരും ഒരേ തോണി തുഴയുന്നവരാണ്.. അതുകൊണ്ട് തന്നെയാണ് ഇതിനൊരു രണ്ടാം ഭാഗം വേണം എന്ന് തോന്നിയത്,  ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നതിൽ കൂടുതൽ പോയിന്റ്‌സും ആദ്യ പോസ്റ്റിന് ശേഷം പല അമ്മമാരിൽ നിന്നും ലഭിച്ചതാണ്.. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ..

1) കണ്ണൂർ  സൈഡിലും വേറെ ചില വടക്കൻ ജില്ലകളിലും നടത്തുന്ന ഒരു  കലാപരിപാടിയിൽ നിന്നാവാം ഇന്നത്തെ തുടക്കം. നല്ല  ചൂട്  വെള്ളത്തിൽ  കുഞ്ഞിനെ  കുളിപ്പിക്കൽ  ശരിക്കും പറഞ്ഞാൽ  പുഴുങ്ങി  എടുക്കൽ  എന്ന് തന്നെ പറയണം. അവരുടെ  ഭാഷയിൽ  പറഞ്ഞാൽ  തിളച് പതപൊങ്ങുന്ന  വെള്ളത്തിൽ കുഞ്ഞിനെ മുക്കി എടുക്കൽ.അങ്ങനെ  കുട്ടി  ചുമന്നു  വരണം  പോലും   എന്നാലേ  ഉറക്കം  കിട്ടു  എന്ന് 😢...എന്തിനാണ് ഇങ്ങനെ ഒരു ദ്രോഹം ചെയ്തു കുഞ്ഞിനെ   ഉറക്കുന്നത് ,  ഈ പറയുന്ന ആളുകൾക്ക് രണ്ട് സെക്കന്റ്‌ തിളച്ച വെള്ളത്തിൽ കൈവിരൽ ഒന്ന് മുക്കി വെക്കാൻ സാധിക്കുമോ? ദയവ് ചെയ്തു ഒരമ്മയും ഈ ദ്രോഹത്തിനു കൂട്ട് നിൽക്കരുത്.
എല്ലാ  അമ്മമാർക്കും ഉള്ള ഒരു സംശയമാണ്  കുഞ്ഞിനെ എന്ത് തരം വെള്ളത്തിൽ കുളിപ്പിക്കണം അതുപോലെ തന്നെ ജനിച് എത്ര ദിവസത്തിന് ശേഷം കുളിപ്പിക്കണം എന്നുള്ളതെല്ലാം.
- കുഞ്ഞിനെ കുളിപ്പിക്കാൻ നല്ല തണുത്ത വെള്ളവും നല്ല ചൂടുവെള്ളവും ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളം ആണ് നല്ലത് , അതായതു നമ്മൾ മുഖത്തു ഒഴിച് നോക്കുകയോ കൈമുട്ട് മുക്കി നോക്കുകയോ ചെയ്ത് ചൂട് പാകം ആണ് എന്ന് ഉറപ്പ് വരുത്തണം  .  5 മുതൽ 10minute വരെ സമയമെടുത്ത് കുളിപ്പിക്കാം. കൂടുതൽ സമയം വെള്ളത്തിൽ കിടത്തുന്നത് കുഞ്ഞിന്റെ സ്കിൻ നു നല്ലതല്ല.

- കുഞ്ഞ് ജനിച്  24മണിക്കൂറിനു ശേഷം കുളിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം ജനിച്ച ഉടനെ  കുഞ്ഞിന്റെ തൊലിപ്പുറമേ മെഴുകു പോലെ ഒരു coating ഉണ്ടാവും, Vernix caseosa, ഈ സംഭവം ആണ്  എപ്പോഴും amniotic ഫ്ലൂയിഡിൽ കിടക്കുന്ന കുഞ്ഞിന്റെ സ്‌കിന്നിനെ protect ചെയ്യുന്നത്,  കൂടെ soft hairs called Lanugo hairs(soft, fine body hair).ജനിച് കഴിഞ്ഞ് കുറച്ച് മണിക്കുറുകൾ കൂടി ഈ protective function നിലനിൽക്കും, അതുകൊണ്ട് 24മണിക്കൂറിനു ശേഷം കുഞ്ഞിനെ കുളിപ്പിച്ചാൽ മതി.
-അടുത്ത സംശയം എപ്പോൾ മുതൽ എണ്ണയും സോയ്പ്പും ഉപയോഗിച്ച് കുളിപ്പിക്കണം?
എണ്ണയും സോപ്പും ഉപയോഗം പൊക്കിൾകൊടി വീണതിന് ശേഷം മതി.
5 മുതൽ 10ദിവസത്തിനുള്ളിൽ സാധാരണഗതിയിൽ പൊക്കിൾ കൊടി വീഴും. അതിന് മുൻപ് എണ്ണയും മറ്റും ഉപയോഗിച്ചാൽ അവിടെ വെള്ളം നിന്ന് infected ആവാൻ chance ഉണ്ട്. വെറും കുളി കുളിപ്പിച്ചാൽ മതി, എന്നാൽ തന്നെ നല്ല soft cotton വെച്ച്   പൊക്കിള്കൊടിക്കു ചുറ്റും dry ആക്കാൻ ശ്രദ്ധിക്കണം.

2) ഒരു ആചാരം പോലെ ചെയ്യുന്ന മറ്റൊരു മണ്ടത്തരം ആണ് പൊക്കിൾകൊടിയിൽ ചൂട് എണ്ണ ഊറ്റിക്കൽ.. എന്തിനോ എന്തോ.. 🤔പൊക്കിൾ കൊടിയിൽ ആവശ്യമില്ലാതെ ഒന്നും ഊറ്റിക്കുകയോ കണ്ണില്കണ്ട ഇലകൾ അരച്ച് പുരട്ടുകയോ ചെയ്യരുത്. അതിനെ അതിന്റെ വഴിക്ക് വിടുക, 5 to 10 daysil  തന്നെ കൊഴിഞ്ഞു പൊയ്ക്കോളും. ചില കുട്ടികളിൽ കൊഴിഞ്ഞു പോകുന്ന സമയത്ത് അല്പം blood കാണാറുണ്ട്, അതും പേടിക്കേണ്ടതല്ല. Continuous ആയിട്ട് blood വരിക അല്ലെങ്കിൽ വേറെ എന്തെങ്കിലും discharge ഉണ്ടാവുക, ചുറ്റും ചുമന്നു വീർതിരിക്കുക, അവിടെ ചെറുതായി തൊടുമ്പോഴേക്കും കുഞ്ഞ് കരയുകയും ചെയ്താൽ infection സംശയിക്കാം, ഉടനെ ഡോക്ടറെ സമീപിക്കുക.

3) വേറെ ഒരു പരിപാടി ഉണ്ടത്രേ..  പെൺകുഞ്ഞുങ്ങളുടെ യോനി മുഖത്തു  (Vulval area) ഉപ്പുശീല ഇടൽ, ചിലയിടങ്ങളിൽ ഈ ഉപ്പുശീലയിൽ വെളിച്ചെണ്ണയും ഒഴിക്കും.. എന്തിനാണെന്നോ അവിടെ ചുങ്ങാനാണത്രെ.. മണ്ടത്തരം, അല്ലാതെന്ത് പറയാൻ.. എപ്പോഴും മൂത്രം പോയിക്കണ്ടിരിക്കുന്ന കുഞ്ഞുങ്ങൾക്ക് അവിടത്തെ skin ചെറിയതോതിൽ eroded ആവാനും അതുപോലെ napkin rash ഉണ്ടാവാനും chance ഉണ്ട്, അതിനിടയ്ക്കാണ് ഈ ഉപ്പുശീല പ്രയോഗം.. കുഞ്ഞിന് നീറ്റൽ കൊണ്ട് തുള്ളാൻ തോന്നും, എന്ത്‌ ചെയ്യാനാ ഇങ്ങനെയുള്ള കാപാലികരുടെ കയ്യിലാണല്ലോ എന്നെ കൊടുത്തേ ദൈവമേ എന്നും പറഞ്ഞു വാവിട്ട് നിലവിളിക്കാൻ മാത്രമേ അതിന് കഴിയു.

4)  അടുത്തൊരു  കാര്യം : കൊച്ചിന്റെ  nipple ഞെക്കി  പാല്  കളയുക 🥺 ദ്രോഹം ....
ചില കുഞ്ഞുങ്ങളിൽ (ആണായാലും പെണ്ണായാലും )breast വീർത്തിരിക്കും, ചിലപ്പോൾ nipple ഇൽ നിന്ന് പാല് പോലെയുള്ള ദ്രാവകം വരും(witch's milk or neonatal milk), ഇത് കണ്ട് ഒട്ടും പേടിക്കണ്ട, ഇത് അമ്മയിൽ നിന്ന് കുഞ്ഞിന് കിട്ടുന്ന ഹോർമോൺസിന്റെ ഫലമായിട്ടു ഉണ്ടാവുന്നതാണ് (Prolactin hormone), ജനിച് കുറച്ച് ദിവസങ്ങൾക്കു ശേഷം ഈ ഹോർമോൺ നോർമൽ ആവും, അതോട് കൂടി ഈ കല്ലിപ്പു മാറി normal ആവും.. എന്നാൽ ഈ ഞെക്കി പിഴിച്ചിൽ ദോഷം മാത്രമേ ചെയ്യൂ, കൂടുതൽ കല്ലക്കാനും infected ആവാനും chance ഉണ്ട്. കുഞ്ഞ് പ്രത്യേകിച്ച് അസ്വസ്ഥത ഒന്നും കാണിക്കുന്നില്ല എങ്കിൽ ഒരു തരത്തിലും ബ്രേസ്റ്റിൽ തൊടുകയോ massage ചെയ്യുകയോ അരുത്. ചില കുഞ്ഞുങ്ങൾ വേദനയും അസ്വസ്ഥതയും കാണിക്കാറുണ്ട്,  അങ്ങനെയുള്ള കേസുകളിൽ ഇളം ചൂട് വെള്ളം കോട്ടണിൽ മുക്കി മെല്ലെ വെച്ച് കൊടുക്കാം അല്ലെങ്കിൽ cabbage ചെറിയ കഷണങ്ങൾ ആക്കി ഒന്ന് തണുപ്പിച്ചു വെച്ച് കൊടുക്കാം. അല്ലാതെ ഞെക്കി പിഴിഞ്ഞ് കുളമാക്കരുത്. വേദനയുo നിപ്പിളിനു ചുറ്റും ചുവപ്പും  കുഞ്ഞിന് പനിയും കൂടെ കണ്ടാൽ ഡോക്ടറെ കാണാൻ താമസിപ്പിക്കരുത്.

5)  ചില സ്ഥലങ്ങളിൽ ശരിക്കും പറഞ്ഞാൽ ചില മതസ്ഥരുടെ ഇടയിൽ കാണുന്ന വേറൊരു പ്രതിഭാസം ആണ്, വെറും 10ദിവസം പോലും പ്രായമാകാത്ത കുഞ്ഞുങ്ങൾക്ക് wine കൊടുക്കുന്നത്.. എന്തിനാണെന്നോ വായിലെ പൂപ്പൽ പോവാനാണത്രെ.. ഹി ഹി.. മണ്ടത്തരം തന്നെ, അല്ലാതെ എന്ത്‌ പറയാനാ.. ഈ പൂപ്പൽ എന്ന് പറയുന്ന സാധനം എന്താണെന്നോ കുഞ്ഞ് കുടിക്കുന്ന അമ്മിഞ്ഞപ്പാല്.., കുഞ്ഞിന് നാക്കുവടിക്കാൻ പറ്റില്ലാലോ.. ദയവ്  ചെയ്ത് ഇത്ര കുഞ്ഞിലേ ആ കുഞ്ഞ് ലിവറിനു പണി കൊടുക്കരുത്. സാധാരണ അമ്മിഞ്ഞപ്പാല് മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളുടെ നാക്കിൽ വെളുത്ത coating കാണാറുണ്ട്, അത് ഒരുതരത്തിലും പേടിക്കേണ്ട കാര്യമല്ല..അതിന്റെ പേരിൽ കുഞ്ഞ് എന്തെങ്കിലും ബുദ്ധിമുട്ട് കാണിക്കുകയോ പാല് കുടിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ  നല്ല വൃത്തിയുള്ള ഒരു കോട്ടൺ തുണി നനച് തുടക്കാവുന്നതാണ്.

6) വേറൊരു മതാചാരമാണ്  പെണ്കുഞ്ഞാണെങ്കിൽ 28ആം നാൾ കാതുകുത്തൽ. കാതുകുത്തുന്നതൊക്കെ കൊള്ളാം, ഏത് അച്ഛനമ്മമാർക്കും ഉണ്ടാവും സ്വന്തം കുഞ്ഞ് കമ്മലൊക്കെ ഇട്ട് സുന്ദരക്കുട്ടിയായി നടക്കുന്നത് കാണാൻ.. എന്നാൽ ഇവിടെ രണ്ട് കാര്യങ്ങളാണ് പ്രശ്നം, ഒന്ന് ഇത് ഇത്ര നേരത്തെ വേണോ എന്നുള്ളത്,  ഇത്രേം പൊടിക്കുഞ്ഞിന് ഇത്രവല്യൊരു വേദന കൊടുക്കണോ? മാത്രമല്ല ഇത്ര ചെറുതിലെ കമ്മൽ ഇട്ട് കൊടുത്താൽ അവിടേം ഇവിടേം ഇട്ട് വലിച്ചു (especially തോർത്ത്‌ വള )വീണ്ടും കാതുപൊട്ടാൻ chance കൂടുതൽ ആണ്.
രണ്ടാമത് -ആചാരപ്രകാരം ഈ കാതുകുത്തൽ ചെയ്യേണ്ടത് ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണ്, അവരിലെ പുതുതലമുറ ഈ പണിക്ക് നിക്കാത്തത് കൊണ്ട് അവശേഷിക്കുന്നത് എൺപതും തൊണ്ണൂറും കഴിഞ്ഞ കാര്ന്നോന്മാരാണ്, പലര്ക്കും ശരിയായി കാഴ്ചശക്തി ഇല്ലാത്തവരും കൈ വിറയൽ ഉള്ളവരും ആയിരിക്കും.. അതുകൊണ്ട് ഇങ്ങനെ ഒരു കാതുകുത്തൽ നടത്തുമ്പോൾ രണ്ട് തവണ ആലോചിക്കൂ..
കുഞ്ഞിന് കാതുകുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഏറ്റവും നല്ല സമയം രണ്ട് വയസ്സിനും 10 വയസ്സിനും ഇടയിൽ ആണ്.. ഈ ഒരു പ്രായത്തിൽ അവർക്കു കുറച്ചൊക്കെ വേദന സഹിക്കാനും, അതുപോലെ നമ്മുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും ഉള്ള maturity ആവുകയും ചെയ്യും, ear pinna soft ആയിരിക്കുകേം ചെയ്യും. എന്നാൽ 10വയസിനു ശേഷം ആണെങ്കിൽ കാതുകുത്തിയതിനു ചുറ്റും  scar tissue form ചെയ്ത് keloid ആവാൻ സാധ്യത ഉണ്ട്. ഇനി എവിടെ ആണ് ചെയ്യേണ്ടത് എന്നാണെങ്കിൽ ഇപ്പോൾ എല്ലാ ഹോസ്പിറ്റലുകളിലും, ഫർമാസികൾ, ജ്വല്ലറികൾ എല്ലായിടത്തും ചെയ്ത് കൊടുക്കുന്നുണ്ട്, എവിടെ ആയാലും ചെയ്യുന്നത് മുൻപരിചയം ഉള്ളവരാണോ എന്നന്വേഷിക്കുക, pierce ചെയ്യുന്നതിന് മുൻപ് sterilise ചെയ്യുന്നില്ലെ എന്ന്  ശ്രദ്ധിക്കുക, ഉപയോഗിക്കുന്നത് sterilised instruments ആണെന്ന് ഉറപ്പ് വരുത്തുക.. 

7) ഉഴിച്ചിലും പിഴിച്ചിലും :- ഒരുപാട് അമ്മമാർ കേൾക്കുന്ന പഴിയാണ് കുഞ്ഞിനെ മര്യാദക്ക് ഉഴിയാഞ്ഞിട്ടാണ് കുഞ്ഞിന്റെ തല നീണ്ടുപോയത് കാല് വളഞ്ഞു പോയത് മൂക്ക് ചപ്പി പോയത് എന്നൊക്കെ, അമ്മമാർക്ക് ഏറ്റവും കലിപ്പ് ഉണ്ടാക്കുന്ന ഒരു കമെന്റ് ആണ് ഇത്.. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
ഇത് കൂടുതലും കേൾക്കേണ്ടി വരുന്നത് normal delivery കഴിഞ്ഞ അമ്മമാരാണ്, കാരണം delivery സമയത്ത് കുഞ്ഞ് തിരിഞ്ഞും ഞെരിഞ്ഞും വരേണ്ടത് വളരെ narrow ആയ genital tractilude ആണ്, ഈ സമയത്ത് കുഞ്ഞിന്റെ തലക്കും ശരീരത്തിനും ചെറിയ shape വ്യത്യാസങ്ങൾ സംഭവിക്കാം.. എന്നാൽ ഈ വ്യത്യാസങ്ങൾ ഒരു കളിമണ്ണ് കൊണ്ടുള്ള പ്രതിമ ഉണ്ടാകുന്നപോലെ ശരിയാക്കിക്കളയാം എന്ന് വിചാരിച്ചാൽ തെറ്റി.. ചിലരുണ്ട് ജനിച്ച അന്ന് ഹോസ്പിറ്റലിന് തൊട്ടേ ഉഴിച്ചില് തുടങ്ങും, അരുത്, ഈ ഉഴിച്ചിലും പിഴിച്ചിലും ഒക്കെ ഒരു 10ദിവസം കഴിഞ്ഞിട്ടാവാം.. കുഞ്ഞിനെ എണ്ണ തേപ്പിച് കുളിപ്പിക്കാൻ തുടങ്ങിയാൽ ചെറിയ തോതിൽ ഉഴിച്ചിൽ തുടങ്ങാം, പക്ഷെ ഒരുമാതിരി കയ്യിൽ കളിമണ്ണ് കിട്ടിയ പോലെ ആവരുത്, ഇതൊരു ജീവനാണ്, അതുകൊണ്ട് തന്നെ വളരെ mild and gentle ആയി, കുഞ്ഞിന് ഒരുതരത്തിലും അസ്വസ്ഥത ഉണ്ടാക്കാത്ത തരത്തിൽ ഉഴിയാം. നല്ല രീതിയിലുള്ള ഉഴിച്ചിൽ കുഞ്ഞിന് ഗുണം ചെയ്യും, എന്നാൽ അത്കൊണ്ട് മാത്രം എല്ലാ തരത്തിലും shape ശരിയായിക്കൊള്ളണം എന്നില്ല.. മൂക്ക് ചപ്പിയതും കണ്ണ് ചെറുതായതും അമ്മ ഉഴിയാത്തതുകൊണ്ടല്ല, അതാണ് നേരത്തെ പറഞ്ഞ genetics😄.

8) അമ്മമാർക്ക് സഹിക്കാൻ പറ്റാത്ത അടുത്തൊരു കാര്യമാണ് സ്വന്തം കുഞ്ഞിനെ വേറൊരു കുഞ്ഞായി compare ചെയ്യുന്നത്.. "ഇവൻ ഇതുവരെ നടന്നുതുടങ്ങീല്ലേ, ആ കുട്ടി ഈ പ്രായത്തിൽ ഓടാൻ തുടങ്ങി "-കുട്ടി മെല്ലെ നടന്ന് തുടങ്യാ മതി, വേഗം നടന്നിട്ട് പെട്ടെന്ന് ഓട്ടമത്സരത്തിനു പോവാനൊന്നും ഇല്ലാലോ..
"ഇവളെന്താ ഒന്നും സംസാരിക്കാത്തെ , അപ്പുറത്തെ വീട്ടിലെ ഇവള്ടെ പ്രായത്തിലുള്ള കുട്ടി പാട്ട് പാടും കഥപറയും "-ഇതിനൊക്കെ എന്ത്‌ മറുപടി പറയാനാ.. ഒന്നേ പറയാനുള്ളു, എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ അല്ല, അവരുടെ കഴിവുകളും പരിമിതികളും എല്ലാം വ്യത്യസ്തമാണ്. ഒരേ വയസുള്ള കുട്ടികൾ തമ്മിൽ എല്ലാ കാര്യങ്ങളിലും ഒരു പോലെ ആവണം എന്ന് വാശി പിടിക്കരുത്. ചില കുഞ്ഞുങ്ങളിൽ milestones(teething, walking, talking) മൂന്ന് മുതൽ 6മാസം വരെ വ്യത്യാസം വരും..

9) ആണും പെണ്ണും :-
 "അയ്യോ രണ്ടും ആൺകുഞ്ഞാണല്ലേ? , ഒരു പെണ്ണ് വേണ്ടേ"
"രണ്ട് പെൺകുഞ്ഞാണല്ലേ? , തറവാടിന്റെ പേര് നിലനിർത്താൻ ഒരാൺകുട്ടി വേണ്ടേ " ആൺകുട്ടികൾക്ക് മാത്രേ തറവാട്ടുപേര് നിലനിർത്താൻ പറ്റു എന്ന് നിങ്ങളോടാരാ പറഞ്ഞെ.. ശ്രീമതി  "നിർമല  സീതാരാമൻ " ധൈര്യശാലിയായ നമ്മുടെ ഇന്ത്യയുടെ  ഡിഫെൻസ് മിനിസ്റ്റർ, അവരുടെ വീടും നാടും അവരിലൂടെ ആണ് ലോകം അറിഞ്ഞത്. അത്പോലെ തന്നെ കേരളം പേടിച്ചരണ്ട മഹാവ്യാധിയാണ് " Nipah",  നിപയെ നേരിടാൻ ആരോഗ്യവകുപ്പിന് എല്ലാ സപ്പോർട്ടും കൊടുത്തു് കൂടെ നിന്ന നമ്മുടെ ആരോഗ്യമന്ത്രി ബഹുമാനപ്പെട്ട  K.K.ഷൈലജ teacher ഒരു സ്ത്രീയാണ്,  അവരുടെ കുടുംബം ഇന്ന് അറിയപ്പെടുന്നത് അവരുടെ പേരിലാണ്.. അങ്ങനെ എത്ര എത്രയോ സ്ത്രീകൾ.
ആണായാലും പെണ്ണായാലും മക്കളെ നല്ല മനുഷ്യരായി വളർത്തുക,  നന്മയുള്ളവരായി വളർത്തുക, സ്നേഹിക്കാനും നന്നായി പെരുമാറാനും പഠിപ്പിക്കുക.

10) 

അവസാനമായി പറയാനുള്ളത് വെല്ലുവിളികളെ കുറിച്ചല്ല, എന്റെ ഒരപേക്ഷയാണ്..
നിങ്ങൾ ഒരു കുഞ്ഞിന് വേണ്ടി തീവ്രമായി  ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം അമ്മയാവുക.. കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്താനും സ്നേഹിക്കാനും കഴിയുമെങ്കിൽ മാത്രം അമ്മയാവുക..
അമ്മയും  കാമുകനും ചേർന്ന്  ചുമരിൽ എറിഞ്ഞു കൊന്ന ഏഴരവയസ്സുകാരൻ അവസാനം വിളിച്ചതും അമ്മേ എന്നായിരിക്കില്ലേ? ..  സ്വന്തം ജീവൻ പോയാലും  കുഞ്ഞിനെ സംരക്ഷിക്കുന്നവളാവണം അമ്മ..
അർഹരല്ലാത്തവർക്കു കുഞ്ഞിനെ കൊടുത്തത് ദൈവത്തിന്റെ തെറ്റ്..
മൂന്നര വയസ്സുകാരനെ സ്വന്തം അമ്മ കൊന്നത് കുഞ്ഞ് കരഞ്ഞതിനാണത്രെ,  വേറൊരിടത്തു ഒന്നരവയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നു..😪ഇവരെയൊക്കെ എന്ത്‌ വിളിക്കും.. എല്ലാവരും പറയുന്നു ഈ പറഞ്ഞ മൂന്ന് പേർക്കും മാനസികരോഗമാണെന്ന്, ആയിരിക്കാം, എന്നാൽ ഈ മനോരോഗികളെ മനസിലാക്കാൻ ഈ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ ബലികൊടുക്കേണ്ടി വന്നു നമ്മുടെ സമൂഹത്തിന്. ഇനിയെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.. അമ്മമാരായാൽ കുഞ്ഞുങ്ങളെ ശകാരിക്കും ചെറുതായി തല്ലും, അത് അവരുടെ നന്മക്ക് വേണ്ടിയാവണം, അല്ലാതെ സ്വന്തം സ്വൈര്യജീവിതത്തിനാവരുത്. പരിധി വിടുന്നു എന്ന് സ്വയം തോന്നിയാൽ ഉടനടി ഒരു psychologist or psychiatristnde സഹായം തേടുക, കയ്യിലുള്ള കുഞ്ഞ് ജീവനെ ഞെരിച്ചമർത്തരുത്.
വേറൊരിടത്തു 4 മക്കൾ ഉള്ള ഒരമ്മ അതിൽ ഒരു കുഞ്ഞിനെ മാത്രം പട്ടിണിക്കിട്ടു കൊല്ലാറാക്കി😔.. ഇത്രേം മക്കളെ നോക്കാൻ സാമ്പത്തിക ശേഷി ഇല്ലാഞ്ഞിട്ടാണത്രെ ഇത് ചെയ്തത്.. ഇങ്ങനെ ഉള്ളവരോട് ഒന്നേ ചോദിക്കാനുള്ളു,  ഒരു കുഞ്ഞിന് വേണ്ടി
ആഗ്രഹിക്കുന്നില്ലെങ്കിൽ പിന്നെന്തിന് അതിന് ജന്മം നൽകുന്നു,  ഒരുപാട് പ്രധിരോധ മാർഗങ്ങൾ ഉണ്ടല്ലോ ആണിനും പെണ്ണിനും സ്വീകരിക്കാവുന്നത്..😡😡😡😡
കൂടുതൽ പറയുന്നില്ല, നിർത്തുന്നു..

   Dr.Dhanya Deepak

2 comments:

  1. Merkur Futur Classic Safety Razor 34C | CFCasino.com
    The Merkur Futur Classic Double Edge Safety 바카라 Razor features a closed comb design with a straight bar making 인카지노 the razor's head stand out with deccasino a solid

    ReplyDelete